കഥ..
‘മഴയുടെ വിന്യാസങ്ങൾ’
----------------------------
കസ്റ്റംസ് പരിശോധന കഴിഞ്ഞ് എയർപോർട്ടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ,രമേശൻ ആകെ ക്ഷീണിതനായിരുന്നു.ഒരു തയ്യാറെടുപ്പുമില്ലാതെയുള്ള യത്രയെന്നു മാത്രമല്ല,അമ്മയെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയും അയ്യാളെ ആകെ അലട്ടിയിരുന്നു. സുഖമില്ലന്നും,അസുഖം കൂടുതലായെന്നും ഒക്കെ വിവരങ്ങൾ കിട്ടിയിട്ടും ജോലിത്തിരക്കിൽ എല്ലാം മാറ്റിവച്ചു...
കഴിഞ്ഞ രാത്രിയിൽ,അമ്മയുടെ മരണത്തെ,അത്യാസന്നനിലയെന്ന് മാത്രം പറഞ്ഞ്,യാത്രാ രേഖകൾ ശരിയാക്കി യാത്രയാക്കുകയായിരുന്നു റൂം മേറ്റ് ഷെരീഫ്. മരുഭൂമിയിലെ ഋതുഭേദങ്ങളിൽ മഴ അന്യമായിരുന്നില്ല.വ്യാഴവട്ടം കാത്തിരുന്ന്,നീലക്കുറിഞ്ഞിപോലെ മഴ പെയ്ത കാലം കഴിഞ്ഞു.മലബാറികൾ ഏറെയുള്ളതുകൊണ്ടാവാം,ഗൾഫിന്റെ ആകാശത്തും മഴമേഘം എത്തിനോക്കുന്നത്..! മണ്ണിന്റെ ദാഹം തീർക്കാതെ കടന്നുപോയ വേനല്മഴയുടെ തിരുശേഷിപ്പുകൾ തെറിപ്പിച്ച് എയർപ്പോർട്ടിന് മുന്നിൽ കാർ നിർത്തുമ്പോൾ,കണ്ണൂർക്കാരനായ ഷെരീഫിന് നിയന്ത്രണം വിട്ടിരുന്നു...മനാമയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഏറിയാൽ അഞ്ചു മണിക്കൂർ വിമാനയാത്ര...‘എന്തായാലും നാട്ടിലെത്തുമ്പോൾ അറിയില്ലേ?..
ഇടവപ്പാതിയുടെ കാളിമ അനന്തപുരിയുടെ ആകാശത്തെയും കീഴടക്കിയിരുന്നു..ഒറ്റപ്പനയുടെ മുകളിൽ പേടിപ്പെടൂത്തുന്ന യക്ഷിയെപ്പോലെ,കാറ്റ് ചൂളം വിളിക്കുന്നുണ്ടായിരുന്നു..യുദ്ധം ജയിച്ച സൈനികനെപ്പോലെ,ആർത്ത്വിളിച്ച് കാറ്റ് യാത്ര തുടർന്നൂ...!!
ഒരു ബ്രീഫ്കേയ്സെ ഉള്ളുവെങ്കിലും,വല്ലാത്ത കനം..ഇനിയും നേരം വെളുത്തിട്ടില്ല.അയ്യാൾ വച്ചിലേക്ക് നോക്കി-മൂന്ന് മണി..വാച്ചിന് ഗൾഫിലെ സമയമാണെന്നും,അതിലും രണ്ടര മണിക്കൂർ മുന്നിലേക്ക് പോകണമെന്നും രമേശിന് ഓർക്കാൻ കഴിഞ്ഞില്ല..അല്ലെങ്കിലും എന്തു ഓർക്കാനാ??പതിനഞ്ചുവർഷം മുൻപ്, നിറങ്ങളുടെ ലോകത്ത് നിന്നു മരുഭൂമിയിലേക്ക് വന്നത് മനസ്സിൽ മഴവില്ല് തീർക്കുവാനായിരുന്നില്ല..നൂറ് ദിനാർ ശമ്പളത്തിന്,അറബിപ്പഴമ വിളിച്ചോതുന്ന ചിത്രങ്ങളുടെ മിനുക്ക്പണി ചെയ്തിരുന്ന കാലം..!!പഴയ സൂക്കിലെ ചെറിയ മുറിയുടെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിട്ട ഭാവന..വ്യാഴാഴ്ചകളിലും വെള്ളിയാഴ്ച്ചകളിലും സൂക്കിൽ വരുന്നവരുടെ ‘ക്യാരിക്കേച്ചർ’ വരച്ച് കൊടുത്താൽ കിട്ടുന്ന ചെറിയ ടിപ്പ് പോലും ചെലവാക്കിയിരുന്നില്ല...തനിക്കുവെണ്ടിമാത്രം മിടിച്ചിരുന്ന അമ്മക്ക് മരുന്നും ഭക്ഷണവും മുടങ്ങാൻ പാടില്ല..നല്ലവരായ കൂട്ടുകാരുടെ സഹായത്താൽ ഇപ്പോൾ ഭേദപ്പെട്ട ജോലിയിലെത്തി...ഒരു പരസ്യകമ്പനിയിലെ ഗ്രാഫിക് ഡിസൈനർ...സംതൃപ്തിക്ക് വേണ്ടിയായിരുന്നില്ല കൂടുമാറ്റം..കൂടുതൽ പണം കിട്ടിയാൽ അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ്,അമ്മയ്ക്ക് കൂട്ടിനായി ഒരാളേയും കണ്ടെത്താം..!
ഒരു ദീർഘനിശ്വാസത്തോടെ രമേശൻ പുറത്തിറങ്ങി..മകനേയും,ഭർത്താവിനേയും,അച്ചനേയും സഹോദരനേയുമൊക്കെ തെരയുന്ന കണ്ണുകളെ അയ്യാൾ കണ്ടില്ല...!!
മഴ നന്നായി കനക്കുന്നുണ്ട്..അരണ്ട വെളിച്ചം വന്നു തുടങ്ങി..കരിമേഘങ്ങൾക്ക് പിന്നിൽ ഒളിച്ചുകളിക്കാൻ കിഴക്ക് ഒരുങ്ങുന്നു..രണ്ട് നാൾ മുൻപ് വിളിച്ചപ്പോഴും ഇടവപ്പാതിയുടെ കാര്യം അമ്മ പറഞ്ഞിരുന്നു..നീയോൺ ബൾബുകൾക്ക് മുന്നിൽ ചിതറുന്ന മഴത്തുള്ളിയുടെ തിളക്കം അയ്യാളറിഞ്ഞില്ല...കോരിച്ചൊരിയുന്ന മഴയും ഇടിയുമൊക്കെ മനസ്സിലാണ്...!!!
കൊല്ലത്തേക്ക് രണ്ടര-മൂന്നുമണിക്കൂർ യാത്രയുണ്ട്..അതു പെരുമഴയത്ത് ആയാലോ? പ്രീപെയ്ഡ് ടാക്സിക്ക്വേണ്ടി മഴയത്ത്തന്നെ നിന്നു..അയാൾക്കറിയുവാൻ കഴിഞ്ഞില്ലങ്കിലും,മഴയ്ക്ക് നല്ല കുളിർമ്മയുണ്ട്...!!!
“കഴിഞ്ഞ രാത്രി തുടങ്ങി,നിർത്തിലാതെ പെയ്യ്വൊ...ഒന്നിനും സമ്മതിക്കില്ല...ഈ നശിച്ച മഴ..!!”..ആവി പാറുന്ന കട്ടൻ ചായ നീട്ടിക്കൊണ്ട് തട്ടുകടക്കാരൻ പറഞ്ഞത് രമേശൻ ശ്രദ്ധിച്ചില്ല...
‘കെ.എൽ.01 എ 3210’-അയ്യാൾ ടാക്സി നമ്പർ പരതുകയായിരുന്നു..ഒരു കവിൾ കുടിച്ച്,ചായ തട്ടിൽ വച്ച്,അയ്യാൾ കാറിലേക്ക് നടന്നു..മഴത്തുള്ളികൾ തലതല്ലിചാവുന്ന ചില്ലുകൾക്കുള്ളിലെ കാഴ്ച്ച അവ്യക്തമായിരുന്നു...!!
ഗ്ളാസിൽ മുട്ടുന്ന ശബ്ദം കേട്ട്,ഡ്രൈവർ ഗ്ലാസ്സ് അല്പം താഴ്ത്തി..വാർദ്ധക്ക്യത്തിലെ ജരാനരകൾക്ക്മുകളിൽ ഇടവപ്പാതിയും തണുപ്പും അയ്യാളെ നിർവിഹാരനാക്കിയിരുന്നു...‘ഈ വെളുപ്പാംകാലത്ത് എന്തിനാ ശല്യം ചെയ്യുന്നത്’ എന്ന നോട്ടം...
“എവിടേയ്ക്കാ..?”താത്പര്യമില്ലാത്ത ചോദ്യത്തിന് ഉറക്കപ്പിച്ചിന്റെ അകമ്പടിയും..
“കൊല്ലം....പെട്ടെന്ന് പോണം...” രമേശൻ അക്ഷമനായി.
“മഴയത്ത് ഇത്രയും ലോങ്ങ് പറ്റില്ല...വേറെ വണ്ടി നോക്ക്...”,അയ്യാൾ ഗ്ലാസ്സടച്ചു..ഇതിനിടയിൽ സീറ്റിൽ വീണ മഴത്തുള്ളികൾ അയ്യാളെ അസ്വസ്തനാക്കി..ഒരു ഓ.ഹെന്റി കഥാപാത്രത്തെപ്പോലെ അയ്യാൾ ചുരുണ്ട്കൂടിയിരുന്നു...
രമേശൻ കൂപ്പൻ നോക്കി..കെ.എൽ.01എ.3210..വീണ്ടും ഗ്ലാസ്സിൽ ആഞ്ഞ് മുട്ടി..
“തന്നോടല്ലേ പറഞ്ഞത് പറ്റില്ലാന്ന്....വെളുപ്പാൻ കാലത്ത് എവിടുന്നേലും വന്നോളും....മനുഷ്യനെ ശല്യം ചയ്യാൻ..”..അയ്യാൾ നഷ്ടപ്പെട്ട ഉറക്കത്തിൽ പല്ലിറുമ്മി..“ഉം..എന്തു പണ്ടാരോമാട്ടെ...കേറ്...മനുഷ്യന്റെ ഒറക്കോം പോയി...”...
പിന്നിലെ ഡോർ തുറന്ന് രമേശൻ കാറിൽ കയറുമ്പോൾ,ഡ്രൈവർ കീശയിൽനിന്ന് ബീഡിയെടുത്ത് കത്തിച്ചു..പിൻസീറ്റിൽ നനഞ്ഞ് വിറയ്ക്കുന്ന യാത്രക്കാരനെ നോക്കി,തിരിഞ്ഞ് വണ്ടി സ്റ്റാർട്ടാക്കി,നിവർന്നിരുന്ന് ബീഡി വലിച്ചു...അത്രയും വേഗത്തിൽ ചുമയും..!!!
“ പെട്ടെന്നു പോകണം....എത്രയും വേഗം വീട്ടിലെത്തണം..”,രമേശന്റെ വാക്കുകൾക്ക് അപേക്ഷയുടെ സ്വരമായിരുന്നു..!
“ങും...ശ്രമിക്കാം..”
റോഡിലെ നീന്തല്കുളങ്ങളിൽ പാതിമുങ്ങി,കുഴികളെല്ലാം തന്റേതാണെന്ന അഹങ്കാരത്തോടെ കാർ മുന്നോട്ട് നീങ്ങി..
“നന്നായി നനഞ്ഞല്ലേ?..നല്ല തണുപ്പുണ്ടോ?..ഒന്നു വലിക്കുന്നോ?..”കാർ നഗരത്തിന്റെ പ്രധാനവീഥി കടക്കുമ്പോൾ,ഡ്രൈവർ നിശബ്ദത ഭഞ്ജിച്ചു..
“താങ്ക്സ്..”
മാല്ബറോയും,ഡൻഹില്ലുമൊക്കെ ശീലമായ ചുണ്ടിന് ബീഡി അപരിചിതമായിരുന്നു..പുകയ്ക്കായി ആഞ്ഞ് വലിക്കുമ്പോൾ രമേശൻ കിതയ്ക്കുന്നുണ്ടായിരുന്നു..
“എവിടുന്നാ..?”,കോട്ടുവായിട്ട്,ഇടംകൈകൊണ്ട് മുഖം തിരുമ്മി,ഡ്രൈവർ ചോദിച്ചു.
“മനാമ..ബഹറീൻ..”കരകരപ്പുള്ള വൈപ്പർ ചലിക്കുന്നതിനിടയിലൂടെ,റോഡിൽ നോക്കി രമേശൻ പാറഞ്ഞു...“..മഴ വല്ലാണ്ട് കനക്കുന്നു...എട്ടരക്ക്മുൻപ് അവിടെത്തില്ലേ?”.
“ഇപ്പോഴെത്രയായി..?”
“നാലെകാല്”..രമേശന്റെ നിശ്വാസം മഴയിലലിഞ്ഞുപോയി..
“എന്താടോ...? തന്റെ വാച്ച് ഓടില്ലേ?...നേരം വെളുത്തിട്ടും നാലെകാലെ ആയോളോ?”!!
“ഓ..സോറി...! വാച്ചിൽ ഇപ്പോഴും അവിടുത്തെ സമയമാണ്...രണ്ടരമണിക്കൂർ പിന്നിൽ..!”വാച്ചിൽ സമയം തിരിച്ചുവയ്ക്കേ രമേശൻ തെറ്റ് സമ്മതിച്ചു..
“മഴ ഇന്നൊന്നും നില്ക്കുന്ന ലക്ഷണമില്ല...”,ഗ്ലാസ്സ് താഴ്ത്തി,ബീഡിക്കുറ്റി പുറത്തേയ്ക്ക് ഇടുമ്പോൾ ഡ്രൈവർക്ക് വല്ലാത്ത അസ്സഹനീയത തോന്നി..
“പേരെന്താണ്?”,മഴയത്ത് ഡ്രൈവർ ഉറങ്ങിപ്പോയാലോ എന്നു കരുതിയാവും,രമേശൻ ഓരോന്ന് ചോദിക്കാൻ തുടങ്ങി..
“പരമേശ്വരൻ..”,ഗീയർ മാറ്റി,റോഡിലെ കുഴി ചവിട്ടിയിറക്കി,അശ്രദ്ധമായ മറുപടി..ഓരോ കുഴി ഇറങ്ങുമ്പോഴും,ഉള്ളിലെ റീയർവ്യു ഗ്ലാസ്സിൽ തൂക്കിയിട്ടിരിക്കുന്ന പഴകിയ മഞ്ഞ ചരട് തുള്ളിക്കളിക്കുന്നുണ്ടായിരുന്നു..അയ്യാളോളം പ്രായം തോന്നിച്ച ചരടിന്റെ നിറം നന്നേ മങ്ങിയിരുന്നു..!!
വഴിയോരക്കാഴ്ച്ചകൾ അതിവേഗം പിന്നിലേക്ക് ഓടിമറഞ്ഞു..ഇടയ്ക്കിടയ്ക്ക് മുഷ്ക്ക്കാട്ടി ആനവണ്ടികൾ കടന്നുപോയി..
മഴയുടെ ആവേശം തെല്ല് കെട്ടടങ്ങി.അമ്മായിയമ്മപ്പോരിന്റെ കലപിലയോടെ പെയ്യുന്ന മഴയ്ക്ക് ഇടയിൽ വന്നുപോകുന്ന വെയിലിന് പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു..
“കൊല്ലത്ത് എവിടേയ്ക്കാ?”.പിന്നിൽ ഹോൺ മുഴക്കിവന്ന ബസ്സിന് വഴിമാറവേ അയ്യാൾ തിരക്കി.പാതിയുറക്കത്തിൽനിന്ന് രമേശൻ ഞെട്ടിയുണർന്നൂ..പുറത്ത് കാഴ്ച്ചകൾ വ്യക്തമായി..ആറ്റിങ്ങൾ കഴിഞ്ഞിരിക്കുന്നു..ദേശീയപാത,മഴയത്ത് വളരെ അപകടകാരിയാണ്..‘നിറകട്ടകളുമായി’റോഡ് ഭരിച്ചിരുന്ന ഗതകാലസ്മരണയിൽ,മൊട്ട ടയറുകൾ നനഞ്ഞ റോഡിനെ പഴിച്ച് ക്ലേശീച്ച് ഉരുണ്ടു..
“..കൊല്ലം കഴിഞ്ഞ് പോണം...കാവനാട്”..റിയർ വ്യൂ ഗ്ലാസ്സിലൂടെ യാത്രക്കാരന്റെ ചുണ്ടനക്കം അയ്യാൾ ശ്രദ്ധിച്ചു..
“കാവനാട്ട്.?”..
“താന്നിവിളവീട്...”,ചോദ്യം മുഴുമിപ്പിക്കും മുൻപേ രമേശന്റെ മറുപടി..
ഗ്ളാസ്സ് താഴ്ത്തി,കടുവയിൽ പള്ളിയിൽ നാണയം എറിഞ്ഞു...
“..കല്ലമ്പലത്തിൽ ഒന്നു നിർത്താം...ഡീസലടിക്കണം...ഒരു കട്ടൻ ചായയും...”
ദേശീയപാതയിലെ കുഴികൾ രമേശന്റെ മയക്കം കെടുത്തികൊണ്ടിരുന്നു..തലേനാളത്തെ ഉറക്കമില്ലായ്മയും യാത്രാക്ഷീണവും അയ്യാളെ മയക്കത്തിലേക്ക്തന്നെ തിരിച്ചു വിളിച്ചു..
ഓർമ്മവച്ചനാൾ മുതൽ കാണുന്നതാണ് അമ്മയുടെ ംലാനമുഖം..തറവാടിന് പേരുദോഷം വരുത്തിയ പെണ്ണിന് വീടിന്റെ പിന്നാമ്പുറത്തായിരുന്നു സ്ഥാനം..വീട്ടിൽ നിന്നു പടിയിറക്കാൻ,എന്തോ,അമ്മാവന്മാർക്ക് ആയില്ല.!!
അടുക്കളയിലെ കരിപിടിച്ച ഭിത്തിക്കുള്ളിലെ ലോകം..!അച്ഛനെക്കുറിച്ച് ചോദിക്കുമ്പോയെല്ലം അമ്മയുടെ കണ്ണ് നിറയുമായിരുന്നു.ഇപ്പോൾ നാല്പ്പതിന്റെ വക്കിലെത്തി..ഇതുവരേയും അച്ഛനെ കാണണം എന്നു തോന്നിയിട്ടില്ല...അത്രയ്ക്ക് ക്രൂരതയാണ് അയ്യാൾ അമ്മയോട് കാട്ടിയത്...!!!
താന്നിവിളയിലെ പെൺകുട്ടിക്ക്നേരെ ആരും വരുകപോലും ഇല്ലാതിരുന്ന കാലം..പത്താംതരം കഴിഞ്ഞപ്പോൾ അമ്മാവന്മാരും ആങ്ങളമാരും ശ്യാമളാദേവിക്ക് വിവാഹാലോചന തുടങ്ങി..
ശ്യാമള ജനിച്ച് ഒരാണ്ട് കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു..നാലാം വയസ്സിൽ അമ്മയും പോയി..പിന്നീടെല്ലാം അമ്മാവന്മാരും മൂത്ത രണ്ട് ആങ്ങളമാരുമായിരുന്നു.
തുലാവർഷം കനത്ത് തുടങ്ങിയിരുന്നു.മഴയായാലും ശ്യാമള അമ്പലത്തിൽ പോക്ക് മുടക്കാറില്ല.തൊടിയിലെ കല്ല്പാകിയ വഴിയിലൂടെ,വയൽ വരമ്പും കടന്ന് അക്കരെ കൃഷ്ണന്റെ അമ്പലം...കണ്ണനെ നിത്യവും കണ്ടില്ലെകിൽ അവൾക്ക് ഉറക്കം വരില്ലന്നാണ് അമ്മായി പറയുന്നത്...
“മഴ തോർന്നിട്ട് പോയാ മതി കുട്ടീ..”
“അപ്പോഴേക്കും ദീപാരാധന കഴിഞ്ഞിട്ടുണ്ടാവും...”,ശ്യമളയുടെ വാക്കുകൾക്ക് തെല്ല് പരിഭവമുണ്ടായിരുന്നു.എങ്കിലും അമ്മായി പറയുന്നത് അനുസരിക്കാതിരിയ്ക്കൻ ആവില്ല..!!നാലു വയസ്സുമുതൽ വളർത്തിയതല്ലേ?
അമ്മായിയുടെ സ്ഥലം നെന്മാറയിലാണ്..പാലക്കാട്ടിന്ന് കൊല്ലത്തേയ്ക്ക് ചേക്കേറിയിട്ടും ഭാഷ മാറിയിട്ടില്ല..അമ്മായി ‘കുട്ടീ’ എന്നു വിളിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസാ..!!അമ്മായിയുടെ തറാവാടും ശ്യാമളക്ക് ഒത്തിരി ഇഷ്ടമായിരുന്നു...ചൂളം വിളിക്കുന്ന കാറ്റും,ഒറ്റപ്പെട്ട പനകളും,കൊയ്തൊഴിഞ്ഞ പാടവും മലകളും.....തനിക്ക് കല്ല്യാണം പാലക്കാട്ടീന്ന് മതിയെന്ന് പറയണമെന്ന് തൊന്നിയിട്ടുണ്ട്...പക്ഷെ,അവിടത്തെ എരുമകളും,എരുമപ്പാലും!!എന്തോ ഇഷ്ടമല്ല...വല്ലാത്ത മനം പുരട്ടലാണ്..!!!!
മഴയുടെ ശക്തി മെല്ലെ നേർത്തു.അങ്കം വെട്ടി ക്ഷീണിച്ച ഭടന്മാരെപ്പോലെ മഴമേഘങ്ങൾ തളർന്നിരുന്നു..
“നേരം സന്ധ്യയായി...വേഗം വരണം...ആ കുട കൂടി എടുത്തൊളു കുട്ടീ...”
ഒതുക്കുകല്ലുകൾ ചവിട്ടി തൊടിയിലേക്ക് ഇറങ്ങിയ ശ്യാമള ഒന്നും കേട്ടില്ല.പാവാട കണംകാൽ വരെ ഉയർത്തി,വയൽ വരമ്പിലൂടെ ഓടി...
കുളികഴിഞ്ഞ ചൊറിത്തവളകൾ വയലിലേക്ക് ചാടി,അവൾക്ക് വഴി മാറിക്കൊടുത്തു..നനഞ്ഞത് മതിയാവാഞ്ഞിട്ടാവാം,തവളകൾ മഴയ്ക്ക് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരുന്നു..!ചീവീടുകൾ അവയോട് മത്സരിച്ചു.വരമ്പിനടിയിലെ തോട്ടിൽ പരല്മീനുകൾ നീന്തി തുടിച്ചു...തോട്ട്വക്കിലെ തൊട്ടാവാടി അവൾക്ക്മുമ്പിൽ കൈകൂപ്പിനിന്നു....!!
ദീപാരാധനക്ക് മുൻപേ നടയിലെത്തണം..ഓടിക്കിതച്ച് നടയിലെത്തിയപ്പോഴേക്കും മണി മുഴങ്ങി തുടങ്ങി..തണുത്തിട്ടാവാം,കണ്ണന് തെളിച്ചം പോരാ..ദീപാരാധന കഴിഞ്ഞ്,തിരുമേനി തിർത്ഥം പകരുമ്പോൾ ശ്യാമള പിന്നിലേക്ക് മാറി... ഉണ്ണിനമ്പൂതിരിയുടെ കക്ഷത്തിന്റെ ‘മണം’ ചന്ദനത്തേയും തോല്പ്പിക്കുന്നതായിരുന്നു..!
കണ്ണനെ തൊഴുതു തിരിയുമ്പോൾ മഴയുടെ രണ്ടാമൂഴം..നേർത്ത വയൽ വരമ്പിലൂടെ മഴയത്ത് നടക്കുക ക്ലേശം...ചാറ്റല്മഴയിൽ,വീടിന് പിന്നിലെത്തുന്ന ഒറ്റയടിപ്പാതയിലൂടെ അവൾ നടന്നു..മഴക്ക് ശക്തി കൂടി,നടക്കാൻ കഴിയാത്തവിധം..തെരുവ് വിളക്കുകൾ സ്വപ്നത്തില്പോലും കണ്ടിട്ടില്ലാത്ത നടപ്പാത.പോവുന്ന വഴിക്കാണ് ഉഷയുടെ വീട്...പത്താംതരം വരെ ഒരുമിച്ച്,ഒരേ ബഞ്ചിൽ ഇരുന്ന് പടിച്ച കൂട്ടുകാരി..
മുറ്റത്ത് കയറുമ്പോൾ,അവിടം ഇലകളുടെ ശവപ്പറമ്പുപോലെ തോന്നി.കരിഞ്ഞതും,ജീവിച്ച് കൊതിതീരാത്തതുമായ ഇലകൾ..!അവയ്ക്ക് മുകളിൽ മഴത്തുള്ളി നൃത്തം വച്ചു.മാവിന്റെ എഴുന്നു നില്ക്കുന്ന വേരിനു മുന്നിൽ മണ്ണ് ഉപേക്ഷിച്ച് വെള്ളം ഒലിച്ചു പോകുന്നു...സിമന്റ് പൂശിയിട്ടില്ലാത്ത അടിസ്ഥാനത്തിന്റെ കല്ലുകൾക്കിടയിൽനിന്നു കറുത്ത ചോനനുറുമ്പുകൾ കൂട്ടത്തോടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു..ഭിത്തിക്കരികിൽ ശവംതീനിയുറുമ്പുകൾ ജാഥ നടത്തുന്നുണ്ടായിരുന്നു...
ഓലമേഞ്ഞ,നനഞ്ഞൊലിച്ച വീടിന്റെ അഴിക്കതകിൽ തട്ടുമ്പോൾ,ശ്യാമള ആകെ വിറക്കുന്നുണ്ടായിരുന്നു..
“ആരാ അത്..?” അകത്തുനിന്നുള്ള പുരുഷശബ്ദം അവളെ തെല്ല് അമ്പരപ്പിച്ചു..കൈയ്യിൽ,ഞെക്കിപ്പിടിച്ച ടോർച്ചുമായി ഉമ്മറത്തേക്ക് വന്ന ആളിനെ അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല...
“ആരാ?...അകത്തേക്ക് വരൂ..”അഴിയുടെ കൊണ്ടയിളക്കിക്കൊണ്ട് അയ്യാൾ പറഞ്ഞു..“വല്ലാതെ നനഞ്ഞിരിക്കുന്നല്ലോ?”
മുഖത്തേക്ക് വന്ന പ്രകാശം അവൾ വലംകൈകൊണ്ട് തടഞ്ഞു..
“..ഉഷയും അമ്മയുമൊക്കെ?”
“അവർ ഗുരുവയൂര് പോയിരിക്കയാണ്....ഞാൻ ഉഷയുടെ ചെറിയച്ഛനാണ്...”,അവൾ ചോദ്യം മുഴുമിക്കും മുൻപേ അയ്യാൾ പറഞ്ഞു..“വല്ലാതെ തണുക്കുന്നുണ്ടാവും...ല്ലേ?..കേറിയിരുന്നോള്ളൂ...മഴ തീർന്നിട്ട് ഇറങ്ങാം...”
ബലിഷ്ടമല്ലായിരുന്ന അയാളുടെ കൈയിലേയും നെൻഞ്ചിലേയും രോമങ്ങൾ എഴുന്നേറ്റ്നിന്നു..നന്നായി വെട്ടി നിർത്തിയ മേല്മീശക്ക്താഴെ,ചുണ്ടുകൾ കറുത്ത് തുടങ്ങിയിരുന്നു..വരാന്തയിൽ നിറഞ്ഞ ബീഡിയുടെ ഗന്ധം അവളെ അസ്വസ്ഥയാക്കി...വീട്ടിൽ ആരും ബീഡി വലിക്കാറില്ല...അമ്മാവന്,എന്തൊ ഒരു പുളിച്ച മണം ഉണ്ടാവും...അതു എപ്പോഴും ഇല്ല..അതു കള്ളിന്റെ മണമാണെന്ന്,പിന്നീട് അമ്മായി പറഞ്ഞാണ് അറിഞ്ഞത്..ചിലപ്പോഴൊക്കെ ചെറിയേട്ടനും ആ മണം കൊണ്ട് വന്നിരുന്നു..!!
“...ഞാൻ അങ്ങു തെക്കാണ്..പ്രത്യേകിച്ച് പണിയൊന്നുമില്ല....ചെറുതായി കഥയെഴുതും....”അയാളുടെ ശബ്ദം പെട്ടെന്ന് വന്ന ഇടിനാദത്തിൽ ലയിച്ചുപോയി....!
മുട്ടത്തു വർക്കിക്കപ്പുറം മറ്റൊരു കഥാകാരനെകുറിച്ച് അവൾക്കറിയില്ലായിരുന്നു..‘വെളുത്ത കത്രിനയും’,‘ഒരു കുടയും കുഞ്ഞുപെങ്ങളു’മൊക്കെ,ഉഷയുടെ ചേട്ടൻ വായനശാലയിൽ നിന്നെടുത്ത്,ഉഷ സ്കൂളിൽ കൊണ്ട്വന്ന് വായിച്ചിട്ടുണ്ട്...ഉഷ സ്കൂളിൽ കൊണ്ട്വരുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ ചില ‘കൈയ്യെഴുത്ത്’,കഥകളുമുണ്ടായിരുന്നു...ആ അക്ഷരങ്ങളിലൂടെ താനറിഞ്ഞ ഉഷയുടെ ചെറിയച്ചന്റെ മുഖം ഒരു മിന്നലിൽ അവൾ കണ്ടു...
“തണുപ്പുണ്ടങ്കിൽ ഞാൻ ചായയുണ്ടാക്കാം..”,അയ്യാളിലെ ആതിഥേയൻ ഉണർന്നു...
“വേണ്ട...ഞാനെടുക്കാം...”
കരിപുരണ്ട അടുക്കളയിലേക്ക് നടക്കുമ്പോൾ ദാവണിക്കുള്ളിലെ നനഞ്ഞ കൗമാരം അയ്യാളെ നോക്കി കൊഞ്ഞനം കുത്തി...!!അടുപ്പിലെ മഞ്ഞവെളിച്ചത്തിൽ അവൾ ജ്വലിച്ച് നിന്നു...ചായപ്പാത്രത്തിലെ വെള്ളം തിളച്ച് വറ്റിക്കഴിഞ്ഞു....മുറ്റത്തെ ചേമ്പിലകളിൽ മഴത്തുള്ളികൾ ഓർമകൾ അവശേഷിപ്പിക്കാതെ മണ്ണിലുരുണ്ട് വീണു....മരച്ചില്ലകൾ തകർത്താടിയ കാറ്റിന് ശക്തി കുറഞ്ഞു..കണ്ണിമാങ്ങ സ്വപ്നം കണ്ട മാമ്പൂവുകൾ കൊഴിഞ്ഞു വീണു..!!!
നേരം വൈകി..ദാവണി ചുറ്റി വീട്ടിലെത്തുമ്പോൾ ആങ്ങളമാരും അമ്മാവനും വരാന്തയിൽ നില്പ്പുണ്ട്...
“ഒന്നും പറയണ്ട..പാവം! നന്നായി നനഞ്ഞിട്ടുണ്ട്..” അമ്മായിയുടെ വക്കാലത്ത് മുറ്റത്ത് എത്തുമ്പോൾ അവൾ കേട്ടു...
“ഒരു കുട കൂടി എടുക്കാതയാ നടയിൽ പോണത്.? നനഞ്ഞ് എന്തെങ്കിലും അസുഖം വന്നാൽ എന്താ ചെയ്യാ?..കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ?..” അമ്മാവന്റെ വാക്കുകൾക്ക് അർഹതയുടെ സ്വരമുണ്ടായിരുന്നു...
“ഈ അമ്മായിയാ അവളെ ലാളിച്ച് ചീത്തയക്കുന്നത്..”,ഏട്ടൻ രോഷം പൂണ്ടു,“എത്രയും വേഗം ഒരാളെ കണ്ടെത്തി കെട്ടിച്ച് വിടണം..”
പുറത്ത് മഴ തകർക്കുന്നു..ഇടയ്ക്കിടയ്ക്ക് ജനൽ വാതിലിൽ മിന്നൽ മുട്ടിവിളിക്കുന്നുണ്ടായിരുന്നു..പായയുടെ മണമടിച്ചാൽ ഉറങ്ങുന്ന പെണ്ണാണെന്നാണ് ശ്യാമളായെക്കുറിച്ച് ഏട്ടൻ പറയുക..ഏറെ വൈകിയിട്ടും ഉറക്കം വരുന്നില്ല..!സംഭവിച്ചത് അമ്മായിയോട് പറഞ്ഞാലോ എന്ന് പലവുരു ചിന്തിച്ചു..അതിണ്ടാക്കുന്ന പ്രത്യാഘാതം ഓർത്തപ്പോൾ വല്ലാതെ പേടിച്ചു...ശരീരമാകെ ഒരു വിറയൽ..ഉഛ്വാസവായുവുന് ചൂടേറിയത്പോലെ...ഉള്ളിലും...!
ഭിത്തിയിൽ പതുങ്ങിയിരുന്ന പല്ലി,മുന്നില്പ്പെട്ട ഈയലിന്നേരെ നാക്ക് നീട്ടി...അടുക്കളകോലായിയിൽ പ്രണയപരവശനായി,കുന്തൻപൂച്ച തണുപ്പകറ്റാനാവാതെ മുരണ്ടു....
തുലാവർഷം തന്റെ വേഷം തകർത്താടി തിരിച്ചുപോയി...നന്നായി വിളർത്ത്,ആഹാരത്തോട് താത്പര്യമില്ലാത്ത ശ്യാമളയെ അമ്മായി ശ്രദ്ധിക്കാതിരുന്നില്ല...
“നിനക്ക് എന്താ പറ്റീത് കുട്ടീ..?..ഇപ്പോൾ എന്താ കണ്ണനെ കാണേണ്ടേ..? നടയിൽ പൊയിട്ട് കുറച്ച് ദിവസമായല്ലോ!!!”
മുഖത്തെ നിർവികാരതയായിരുന്നു മറുപടി...ഇന്നല്ലെങ്കിൽ നാളെ അവർ അറിയും..!!നെഞ്ചിൽ ഉരുണ്ട് കൂടിയ മേഘങ്ങൾ പെയ്തൊഴിഞ്ഞു...!!അമ്മായി ആകെ തകർന്നുപോയി...ആകാശഗോളങ്ങൾ ഒരുമിച്ച് തനിക്ക് മുകളിൽ വീഴുമ്പോലെ തോന്നി...അമ്മാവനോ ഏട്ടന്മാരോ ഇതറിഞ്ഞാൽ ഉണ്ടാകുന്ന എന്തും സഹിയ്ക്കാൻ തന്നെ അവൾ തീരുമാനിച്ചു..അടിവയറ്റിലെ ചലനം അവളെ അസ്വസ്ഥയാക്കി...!!!!!!
കുടുമ്പത്തിന് മാനക്കേടുണ്ടാക്കിയ പെണ്ണിന് പിന്നാമ്പുറത്തായി സ്ഥാനം..!!പിന്നീട്,അമ്മാവൻ മരിക്കുംവരേയും ശ്യാമള പുറംകാഴ്ച്ചകൾ അറിഞ്ഞിരുന്നില്ല..!!!
പെട്ടെന്നുള്ള ബ്രേക്കിന്റെ ശക്തിയിൽ രമേശൻ ഞെട്ടിയുണർന്നു..ചിന്നക്കട കഴിഞ്ഞു...ഒൻപതുമണിയായി...റോഡിൽ നല്ല തിരക്കാ...റോഡിന് മധ്യേ മുദ്രകൾ കാണിച്ച് തടസ്സം ചെയ്യുന്ന ട്രാഫിക് പോലീസിനോട് നീരസം തോന്നി...
കണ്ണു തിരുമ്മി ഒരു നിമിഷം വീണ്ടും ചിന്താമഗ്നനായി...ഇന്നലെ മനാമയിൽനിന്നും തിരിക്കുമ്പോഴും മഴയുണ്ടായിരുന്നു..മരുഭൂവിൽ ഋതുഭേദങ്ങൾ അറിയിക്കുന്ന അമ്ളമഴ!!മനസ്സിൽ മേഘം ഉരുണ്ട്കൂടി...ഈ മണ്ണിൽ തനിക്ക് അവശേഷിക്കുന്ന ഒരേ ഒരു രക്തബന്ധം...അതു കൂടി പൊലിഞ്ഞു...!!അമ്മയെ നോക്കാൻ വേണ്ടിതന്നെയാണ് ഇപ്പോഴും അവിവാഹിതനായി കഴിയുന്നത്....പലപ്പോഴും അമ്മ നിർബന്ധിച്ചിരുന്നു..തനിക്കുവേണ്ടി സഹിച്ച നോവിന് ഈ ജന്മംകൊണ്ട് പകരം നല്കണം..!!എല്ലാം ഒരു ദീർഘനിശ്വാസത്തിലൊതുക്കി...!!!
തറവാടിന്റെ മുറ്റത്ത് കാർ നിർത്തിയപ്പോൾ നെഞ്ചിന്റെ ഗതിവേഗം കൂടുന്നുണ്ടായിരുന്നു....കാറിന്റെ ഡോർ തുറന്ന് നേരെ ഓടുകയായിരുന്നു..!മരണത്തിലും അമ്മ സുന്ദരിയാണ്..അമ്മയെ നെഞ്ചോട് ചേർത്ത് വിതുമ്പി...!!
“ഇനി എടുക്കാം...ഇന്നലെ മരിച്ചതല്ലേ..!!അധികം സമയം വയ്ക്കണ്ടാ..”കരപ്രമാണിമാർ ശബ്ദമുയർത്തി,“മോൻ വന്നല്ലോ..? കർമ്മങ്ങളിലേക്ക് കടക്കാം”
വായ്ക്കരിയിട്ട്,ചിതയിലേക്ക് എടുക്കുമ്പോൾ അമ്മയുടെ കാല്ക്കൽ പരമേശ്വരനെ രമേശൻ ശ്രദ്ധിച്ചിരുന്നില്ല...ഭൗതികബന്ധം മുറിക്കുന്ന നൂല്ബന്ധനത്തിൽ അവൻ അയാളെ കണ്ടു..നൂലിന്റെ മറ്റേത്തലയ്ക്കൽ അയ്യാൾ നിർവികാരനായി നിന്നു..!!!
ചിത നനയാതെ കെട്ടിയ ഓലപ്പന്തലിനുള്ളിലൂടെ വെള്ളം ഒലിച്ചിറങ്ങി...പട്ടടക്ക് ചുറ്റും ചെളി കെട്ടാൻ തുടങ്ങി..പച്ചമാവിൻ വിറകിനുള്ളിൽ തൊണ്ടും ചിരട്ടയും ഉണക്കച്ചാണകവും തീ ഏറ്റുവാങ്ങുവാൻ തയ്യാറായി..അനങ്ങാകാതെ,തണുപ്പിൽ കാറ്റ് വിറങ്ങലിച്ചു നിന്നു..
ചിതയ്ക്ക് തീ കൊളുത്തി..പഞ്ചഭൂതങ്ങൾ അമ്മയെ പങ്കിട്ടെടുക്കുന്നത് സഹിയ്ക്കാനാവാതെ രമേശൻ വീടിന്റെ വരാന്തയിൽ കയറി..വരാന്തയുടെ മൂലയിൽ തന്റെ ബ്രീഫ്കേയ്സും,അതിനുമുകളിൽ ഒരു പഴയ ചരടും അയ്യാളെ കാത്തിരിപ്പുണ്ടായിരുന്നു..!!ചരടിൽ ഒരുതുള്ളി കണ്ണീരിന്റെ നനവ് അയാളറിഞ്ഞു..!!
പിന്നിലെ മൺപാതയിലേക്ക് എത്തിയപ്പോഴേക്കും,കാർ പോയ്ക്കഴിഞ്ഞിരുന്നു...!!ചക്രപ്പാടുകളിൽ വെള്ളം നിറയുന്നുണ്ടായിരുന്നു!! അപ്പോഴും മഴ പെയ്യുകയായിരുന്നു..!!!
---------------------------------------------ഉണ്ണീ മടവൂർ------------------------------------------
വായനയും , സിനിമയും പരിചയപ്പെടുത്തിയ ഒട്ടേറെ കഥാപാത്രങ്ങളെ ഓര്മ്മപ്പെടുത്തി
മറുപടിഇല്ലാതാക്കൂ...നന്ദി...ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങളിൽ മഴ വല്ലാതെ കടന്നുവരാറുണ്ട് എന്ന ചിന്തയാണ് ഇതിലേക്ക് നയിച്ചത്.....മഴ തന്നെയായിരുന്നു വിഷയവും...
മറുപടിഇല്ലാതാക്കൂBeautifully written, Unni... Never knew you are a writer...
മറുപടിഇല്ലാതാക്കൂവായിച്ചു. നല്ല എഴുത്ത്.
മറുപടിഇല്ലാതാക്കൂ